മനീസാരംഗ്

-- മനീസാരംഗ്

Monday, January 17, 2011

ജനിതകമാറ്റം സംഭവിക്കാത്തത്
























ചിട്ടയായി ഒരുക്കിയിട്ടില്ലാത്ത മുറി
ചിലന്തികളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍
ഇരയെ കാത്തു ഗൌളിയുടെ ഏകാന്തത
ഒരു പഴുതാര തണുപ്പ് തേടുന്ന യാത്രയില്‍
ഇടയ്ക്കിടെ നാടകരംഗങ്ങളിലെന്ന പോലെ
പ്രകാശ മിശ്രണം നടത്തുക്കുന്നുണ്ട്

തേച്ചു മിനുക്കാന്‍ മിനക്കെടാത്ത
ക്ളാവു പിടിച്ച ചിന്തകളും
പൂച്ചയുടെ സ്പര്‍ശമില്ലാതെ
പെറ്റു പെരുകിയ എലികളും
വിവാഹം കുഞ്ഞുങ്ങള്‍ തുടങ്ങി
അസാധാരണമല്ലാത്ത വിചാരങ്ങള്‍
പൊതിഞ്ഞുവക്കാന്‍ ഇടയ്ക്കിടെ
അവ്യക്തമായ അക്ഷരങ്ങളില്‍ കൂടി
സദാചാരത്തിനു പുറത്തു കൂടി സഞ്ചരിച്ചു

ജനിതക മാറ്റം സംഭവിക്കാത്ത
പ്രണയം കാമം തുടങ്ങി 
ലളിതമായ ജോലികളില്‍
പ്രത്യയശാസ്ത്രപരമായ
യുക്തികള്‍ കണ്ടെത്തി
പ്രതിസന്ധി,എതിര്‍പ്പുകള്‍
വിമര്‍ശനങ്ങള്‍ ,മോഹഭംഗങ്ങള്‍
വ്രണിത ഹൃദയം എന്നീ രംഗങ്ങളില്‍
കനകമുന്തിരികള്‍ പാടി

മരണത്തെ സ്വയംവരിക്കാന്‍
പൌലോ കൊയ്ലോയുടെ 
വെറോനിയ്ക്കയിലേക്ക് കൂട് മാറി 
പക്ഷെ മരണമെന്നത്‌
ദുഷ്കരമായ ജോലിയാണെന്നും
തമ്മില്‍ ഭേദം പ്രണയഭംഗങ്ങളും
ഏറ്റു വാങ്ങലുകളുമാണെന്ന് വ്യസനിച്ച്

എലിപ്പത്തായത്തിലെ നായകനെപ്പോലെ
രണ്ടു ദിവസത്തെ കുളി ബാക്കി വെച്ചു
ഗൂഗിളില്‍ തലപൂഴ്ത്തി
ആകെ അറിയാവുന്ന പദങ്ങള്‍
മാറി മാറി ഉപയോഗിച്ച്
സ്മൈലികളിലൂടെ വികാരക്ഷോഭം നടത്തി

പരിസരത്തെങ്ങും ആരുമില്ലെന്ന് കണ്ടു
ഉച്ചകളില്‍ ഉയരുന്ന കാമം അടക്കിപ്പിടിക്കാതെ 
പഴയ കാല മെയിലുകള്‍ കൊരികുടിച്ചു
അങ്ങനെ....അങ്ങനെ...

1 comment: