അമ്മേ....
അമ്മ നോക്കി നോക്കി ഉത്തരത്തിലെ കഴുക്കോലുകള്‍ ചിരിച്ചു തുടങ്ങിയോ അമ്മെ അമ്മ കിടന്നു കിടന്നു കിടക്കയിപ്പോള്‍ വേദനിച്ചു കരയാറണ്ടോ അമ്മെ
അമ്മേ
അമ്മ വരാതെവരാതെ അടുക്കളയില്‍ ഇപ്പോള്‍ പൂച്ചകളും വരാറില്ലമ്മേ അമ്മയെ പേടിച്ചു ഒളിച്ചു കളിച്ചിരുന്ന ചുണ്ടെലികുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ ആ പഴയ ആവേശത്തിമിര്‍പ്പില്ലമ്മേ
അമ്മെ
അമ്മ തൊടാതെ തൊടാതെ
പാത്രങ്ങളിപ്പോള്‍ കറുത്ത് പോയമ്മേ അമ്മയുടെ പിടിയരിചെപ്പില്‍ അരിപേനുകള്‍ ആവോളമായമ്മേ അമ്മയുടെ അമ്മിക്കല്ലില്‍ ഒറ്റക്കാലന്‍ ഒച്ചുകള്‍ കൂട്കൂട്ടി അമ്മെ
അമ്മേ
അമ്മ നടക്കാത്ത വടക്കേപുറത്തെമണ്ണിനു ഇപ്പോള്‍ അമ്മയുടെ മണമില്ലമ്മേ അമ്മ വിളികേള്‍ക്കാതെ കിഴക്കേതിലെ കോഴികള്‍ വിരുന്നു വരാറില്ലമ്മേ അമ്മ നട്ടു നനച്ച വരിക്കപ്ലാവില്‍ ചക്കകള്‍ ചിരിച്ചു പൂക്കാറില്ലമ്മേ
അമ്മേ
അമ്മയുടെ ഇരുമ്പന്‍പുളി കായ്കള്‍ക്ക് ഇപ്പോള്‍ സങ്കടത്തിന്റെ ചവര്‍പ്പാണമ്മേ അമ്മ നട്ട കൂവളചെടി കരഞ്ഞു കരഞ്ഞു കരിഞ്ഞു പോയമ്മേ അമ്മ നടാത്ത നാരക ചെടി പൂത്തു പൂത്തു പുരപ്പുറം കയറി അമ്മെ അമ്മേ അമ്മയുടെ കൂട്ടുകാരി ചാടിചാടി നടക്കുന്ന ജാനകിചോത്തി ഇന്നലെ രാത്രി ഉറക്കത്തില്‍ മരിച്ചു പോയമ്മേ അമ്മയെ കാണാതെ അമ്മയുടെ ഭഗവതി പടിഞ്ഞാട്ടും നോക്കി ഇരിപ്പാണമ്മേ
അമ്മെ
അമ്മ സ്നേഹിച്ച അമ്മയെ സ്നേഹിക്കാത്ത
അമ്മയുടെ ദൈവത്തെ ഞാന്‍ പുലയാട്ടു പറഞ്ഞമ്മേ അച്ഛന്റെ നെഞ്ചിലെ വെളുത്ത മന്ദാരം കരിഞ്ഞു കരിഞ്ഞു ചുവന്നു പോയമ്മേ
അമ്മെ
അമ്മ പറഞ്ഞില്ലേ കുറെ ദൈവങ്ങളെ
അവരുടെ അടുത്തുപോയി കാണണമെന്ന് അമ്മ പറഞ്ഞില്ലേ രണ്ടുവരി മണിമാല ഇട്ടിട്ടു ഫോട്ടോ എടുക്കണമെന്ന് അമ്മ പറഞ്ഞില്ലേ മോയ്തുക്കാടെ പോലത്തെ ഭംഗിയുള്ള ഒരു വീട് പണിയണമെന്ന് അമ്മെ വെളുപ്പ് പുതച്ചു മിണ്ടാതെ കിടക്കുന്ന അമ്മ എന്നേ നോക്കി ചിരിക്കാത്തതെന്താണമ്മേ കണ്ണടച്ച് മലര്‍ന്നു കിടക്കുന്ന അമ്മ എന്നോടൊരുവാക്ക് മിണ്ടാത്തതെന്താണമ്മേ |
മനീസാരംഗ്
-- മനീസാരംഗ്
Wednesday, January 11, 2012
അ
Subscribe to:
Post Comments (Atom)
No comments:
Post a Comment