മനീസാരംഗ്

-- മനീസാരംഗ്

Wednesday, January 11, 2012

കല്ലു വച്ച നുണകള്‍



















എന്റെ മോഹമന്ദാരങ്ങളില്‍
പ്രണയം നിറഞ്ഞു പൂക്കുന്നതും
കണ്ണുകളിലെ നരച്ച ആകാശം
നിറവസന്തമായ്‌ ചിരിക്കുന്നതും
ഉടലില്‍ തുലാവര്‍ഷപകര്‍ച്ചയില്‍
സര്‍പ്പഗന്ധിപ്പൂവുകള്‍ വിടരുന്നതും
നിനക്ക് വേണ്ടിയാണെന്നു ഞാന്‍
പറഞ്ഞത് കല്ലുവച്ച നുണയാണ്

തുളസി എണ്ണയും വിയര്‍പ്പും നനച്ച
എന്‍റെ ഇരുണ്ട നാട്ടുവഴിയിലൂടെ
പ്രണയ സഞ്ചാരം നടത്തുമ്പോള്‍
ഗുല്‍മോഹര്‍ നിറമാണ് നിന്‍റെ
ചുണ്ടുകള്‍ക്കെന്നും,തളിര്‍കൈതപ്പൂ
മണക്കുന്ന നിന്‍റെ ഇടവഴികള്‍
അടിമുടി അതിമധുരിക്കുന്നുവെന്നും
ഞാന്‍ ഉമ്മ വച്ചിടത്തെല്ലാം
ഇലമുളച്ചികള്‍ പൂക്കുമെന്നു
നീ പറഞ്ഞതും കല്ലുവച്ച നുണയാണ്

നിലാവിനും മഞ്ഞിനും പ്രണയത്തിനും
ഇളം വയലറ്റ് നിറമുണ്ടായിരുന്ന
ധനുമാസ പുലര്‍കാലങ്ങളില്‍
അതിര് ഭേദിച്ചു പൊയ്കയില്‍
നീന്തിത്തുടിക്കുമ്പോഴും
ഞാനും നീയും അവ്യക്തമായി
പറഞ്ഞു കൊണ്ടെയിരുന്നത്‌
കല്ലോ കന്‍മദമോ കല്‍ഹാരമോ
വെച്ച നുണകള്‍ തന്നെയായിരുന്നു

സുഹൃത്തെ
നിന്‍റെ പൊയ്ക്കണ്ണില്‍ നോക്കാതെ
നിന്‍റെ അകക്കണ്ണില്‍ നോക്കാതെ
നിന്‍റെ ശാപവചനങ്ങള്‍ കാക്കാതെ
ഞാന്‍ പറയുന്നതെന്തെന്നാല്‍
പ്രണയം കല്‍പ്പാന്ത കാലത്തെ
കരിംകല്ലു വെച്ച നുണകളാകുന്നു

No comments:

Post a Comment