മനീസാരംഗ്

-- മനീസാരംഗ്

Thursday, January 12, 2012

പകലുറങ്ങിപ്പക്ഷികള്‍












സ്വപ്നസഞ്ചാരങ്ങളില്‍ അവള്‍
തുലാവര്‍ഷമായ് പെയ്തിറങ്ങും
ഉണര്‍ച്ചയുടെ പുലര്‍ച്ചകളില്‍
പച്ചപ്പില്ലാത്ത മണല്‍ക്കാട്ടില്‍
ഉഷ്ണിക്കും, ഋതു ഭേദങ്ങള്‍ക്ക് കൂടെ
നിറങ്ങള്‍ മാറി മാറി എടുത്തണിയും

ഫോക്കസ് ചെയ്യപ്പെടാത്ത
ദൃശ്യങ്ങളാണ് അവളുടെ കണ്ണുകളില്‍
കാമാനന്തരം ഇണയെ തിന്ന
ചിലന്തിയെ നോക്കി അവള്‍ കരയും
നീര്‍ച്ചാലുകള്‍ വറ്റാത്ത പുഴകളാകും

വസന്തകാലത്തെ ചാറ്റ് ഹിസ്ടറികള്‍
വറുത്തെടുത്തു ഓര്‍മ്മചിപ്പുകളില്‍ സൂക്ഷിക്കും
ഇടയ്ക്കിടെ തണുത്തു പോയോ എന്ന്
നിറ കണ്‍ ചിരിയോടെ തൊട്ടു നോക്കും

പിന്നെയും
അവളുടെ പകല്‍ സ്വപ്നങ്ങളില്‍
ഇലമുളച്ചികള്‍ പുരനിറഞ്ഞു പൂക്കും
ഏകാന്തതയുടെ പുല്‍മൈതാനങ്ങളില്‍
താഴ്ന്നു പറക്കുന്ന പ്രാപ്പിടിയനുകള്‍ക്ക്
കരയാതെ ഇരയായി നിന്നുകൊടുക്കും

അവള്‍ക്കു മാത്രമായി
ഒരു ചതുരംഗ പലകയുണ്ടെന്നും
വെളുത്തവര്‍ക്ക് മീതെ കറുത്തവര്‍ 
ക്രോധത്തോടെ പറന്നിറങ്ങുന്നതും
വെറും വെറുതെ സ്വപ്നം കാണും

തന്റെ ചിന്തകളുടെ കന്ട്രോള്‍പാനലിനെ 
ഇടയ്ക്കിടെ വൈറസ്‌ കടിക്കാറൂണ്ടെന്നു
അവള്‍ കണ്‍കോണുകള്‍ കൊണ്ട്  ചിരിക്കും
ജനിതകമാറ്റം സംഭവിക്കാത്ത പ്രണയം,കാമം
തുടങ്ങിയ ലളിതമായ ജോലികളില്‍
പ്രത്യയശാസ്ത്രപരമായ യുക്തികള്‍ കണ്ടെത്തും

ഇടവപ്പാതിയിലെ ഇരുള്‍മേഘങ്ങള്‍ മിന്നുമ്പോള്‍
അവളുടെ നിമ്നോന്നതങ്ങളില്‍
മാനത്തുകണ്ണികള്‍ പ്രാണസഞ്ചാരം നടത്തും
അവളുടെ മൌസിലെ വിരലടയലങ്ങള്‍ക്ക്
ഒരേ വിയര്‍പ്പിന്റെ ഉപ്പല്ലെന്നു തിരിച്ചറിയും

ഉറക്കമൊഴിഞ്ഞ പാതിരകളില്‍
വിഷമില്ലാത്ത കരിഞ്ചേരകള്‍ വിരുന്നുവരും
പ്രണയകാലത്തെ ഉടുപ്പുകള്‍ അഴിച്ചുവെച്ചു
മുന്‍പേ നടന്നു പോയവരെ
പിന്‍വിളി വിളിക്കാതെ യാത്രയാക്കും

പിന്നെയും
തൂത്തുമാറ്റപ്പെട്ട മോഹമന്ദാരങ്ങളില്‍
പരാഗരേണുക്കള്‍ നിറയും
ഗുളിഗന്‍ തിറയുടെ മാറില്‍ ശയിച്ചു
വെളുത്ത ദൈവങ്ങളോട് പകവീട്ടും
താഴിട്ടുപൂട്ടിയ എന്നെ തുറക്കാന്‍
നിങ്ങളുടെ ബൌധികച്ചാവിയ്ക്ക് കഴിയില്ല

ഞാനാവണം എനിക്കെന്നു
സൗഹൃദരാവുകളില്‍ കവിതയായ് ചൊല്ലും
അനന്തരം ഇതൊന്നുമല്ല ഞാനെന്നു
പുറം തിരിഞ്ഞിരുന്നു
പകലുറങ്ങി പക്ഷികളോട് പറയും

പിന്നെയും അടുപ്പില്‍ വേവാത്ത
അക്ഷരങ്ങള്‍ പെറുക്കി കൂട്ടി
അടുത്ത വസന്തത്തിനായി കാത്തിരിക്കും

No comments:

Post a Comment