ഉടുപ്പുകളഴിക്കാത്ത സുരതത്തിന്റെ
ക്ളൈമാക്സ് കടക്കുംമുന്‍പാണ്
അവള്‍ അത് പറഞ്ഞത്
''നമുക്ക് പിരിയാം''
കഴുത്തിലേക്കു കയറി വന്ന
ഒരു മൂട്ടയെ കൊല്ലുകയായിരുന്നു
അവളപ്പോള്‍
പ്രാചീനമായ ഒരു ഗുഹയുടെ
ഭീകരമായ ഏകാന്തതയില്‍
അകപ്പെട്ടവനെ പോലെ അയാള്‍
നടുങ്ങി വിറക്കുന്നുണ്ടായിരുന്നു
ആര്‍ത്തു കരയുന്ന മഴയൊച്ചയില്‍
അയാള്‍ അത് കേട്ടില്ലെന്നു
വഴിതെറ്റി ഏകനായി പോകുന്ന
ചോണന്‍ ഉറുമ്പിനെ നോക്കി ഇരുന്നു
രാത്രി എന്നും അയാള്‍ക്ക്
അവള്‍ ഉപ്പില്ലാത്ത പരിപ്പ്കറി
മാത്രമാണ് വിളമ്പുന്നതെന്ന് അയാള്‍
അപ്പോള്‍ അവള്‍ കൊതുകിനെ
കൊല്ലാന്‍ തുടങ്ങിയിരുന്നു
അയാളില്‍ നിന്നേറ്റു വാങ്ങിയ
തീരെ ചൂടില്ലാത്ത പ്രണയമിശ്രിതം
നിഷ്ക്രമിക്കും മുന്‍പ് അവള്‍
തിളച്ചു കത്തുന്ന അടുപ്പിലേക്ക്
നോക്കി കൊണ്ടിരുന്നു
അടുത്ത കപ്പല്‍ചേതത്തില്‍
ഒഴുകിയെത്തുന്നവനെയും
കാത്തു അവളിരുന്നു
ഇടവേളകളില്‍ അയാള്‍ക്ക്
ഭക്ഷിക്കുവാന്‍ പാതി വെന്ത
വാക്കുകള്‍ എറിഞ്ഞു കൊടുത്തു
വാക്കുകള്‍ക്കു ഉപ്പില്ലെന്നും
ഉറപ്പില്ലെന്നും അയാള്‍ക്ക് തോന്നി
ആഗോള വല്‍ക്കരണത്തെ കുറിച്ചും
പോസ്റ്റ് മോഡെണിസത്തെ കുറിച്ചും
അധിനിവേശ രാഷ്ട്രീയത്തെക്കുറിച്ചും
പുതിയ സ്വത്വവാദത്തെക്കുറിച്ചും
അവള്‍ അയാളോട് സംസ്സാരിച്ചു
ഇടയ്ക്കിടെ ഫെമിനിസ്റായി
അപ്പോള്‍ അയാള്‍ ഓര്‍ത്തത്
മത്തങ്ങയെ കുറിച്ചാണ്
പഴയ കപ്പല്‍ചേതക്കാര്‍
വന്നു മടങ്ങിയതിന്റെ
തിരുശേഷിപ്പുകളില്‍ അവള്‍
ഇടയ്ക്കിടെ മണത്ത് നോക്കി
ക്ലൈമാക്സില്ലാത്ത സിനിമ കണ്ടു
നിരാശനായ അയാള്‍ പിന്നെയും
ഓര്‍ത്തത് അകം ശൂന്ന്യമായ
മത്തങ്ങകളെ കുറിച്ചായിരുന്നു
No comments:
Post a Comment