മനീസാരംഗ്

-- മനീസാരംഗ്

Monday, May 14, 2012

haiku

ന്‍റെ പെണ്ണേ
ദൈവത്തിനും പുരുഷനുമിടയില്‍ പെട്ട്
നിന്‍റെ കവിതയ്ക്ക് ശ്വാസം മുട്ടുന്നുണ്ടോ !

സുകൃതംചെയ്യാത്ത വാക്കുകള്‍
തലതല്ലി മരിച്ചത്
ഭാഷയുടെ അടുക്കളയില്‍ !

തിര- യാം തിരകളെ
അണിയാം തിര- മാലകളെ !


എന്‍റെ പ്രണയത്തിന്റെ
നാട്ടുവഴിയില്‍ ഇപ്പോള്‍
ഇലമുളചികള്‍ പൂക്കാറില്ല !


നിന്‍റെ ഉയര്‍ന്നുതാഴ്ന്ന
ഇടവഴികള്‍ അളക്കാന്‍
എന്‍റെ സ്കൈലുകള്‍
വളയാത്തതെന്താണ് !  

അടയാള മരങ്ങള്‍

എന്‍റെ വീട്ടിലേക്കുള്ള
വഴിയടയാളമരം
കെ ഏസ് ഇബിക്കാര്‍
വെട്ടികളഞ്ഞതുകൊണ്ട്
നിനക്കെന്റെ വീട്ടിലെത്താന്‍
കഴിഞ്ഞില്ലായിരിക്കും
പക്ഷ
നിന്‍റെ വഴിയില്‍ ഞാന്‍ നട്ട 
എന്‍റെ അടയാളനഖമരങ്ങള്‍
പി ഡബ്ലിയുക്കാര്‍
കാണാതെ നോക്കണേ !

പ്രണയാക്രമണങ്ങള്‍


















 നിന്‍റെ ഇനിക്കുന്ന മൊഴികളില്‍
ഒരു പൂന്തേന്‍ കടല്‍ അലയടിച്ച്‌
കാണാതെ ചിരിചൊളിച്ചിരിപ്പുണ്ട്

നിന്‍റെ നീര്‍മാതളപുഞ്ചിരികളില്‍
ഒരു നീലകൊടുംകാടു കാറ്റിലാറാടി
ഉടലോടെ ആര്‍ത്തുപൂത്തുലയുന്നുണ്ട്

നിന്‍റെ കനത്ത മൌനങ്ങളില്‍
ഒരു മകരമാസകുളിര്‍മഞ്ഞു
എന്തിനോ അലിഞ്ഞലയുന്നുണ്ട്

നിന്‍റെ നിര്‍മ്മമനോട്ടങ്ങളില്‍
ഒരു പ്രണയാതീത സാഗരം
തീര തിരമാലയണിയുന്നുണ്ട്

നിന്‍റെ ഗന്ധമാപിനികളില്‍
ഒരു കുടമുല്ലപ്പൂക്കാലത്തിന്റെ
വേണ് വസന്തം വിരിയാറുണ്ട്

നിന്‍റെമണമുള്ള പുലരികളില്‍
ചെമ്പകപൂവിന്റെ ഇതള്‍കൂമ്പിയ മന്ദഹാസമുണ്ട്

നിന്‍റെ കാമംനിറഞ്ഞരാവുകളില്‍
നന്ത്യാര്‍വട്ടപ്പൂക്കളുടെ നനുത്ത
സൌരഭ്യം കുടഞ്ഞിടാറുണ്ട്‌

നിന്നെയും നിന്‍റെ സ്വപ്നങ്ങളും
നിന്‍റെ ആഹ്ളാദവും ചിരിയും
സ്നേഹവും പ്രണയവും കാമവും
ഒരിറ്റു ആവിയായിപ്പോകാതെ
കണ്ണിമവെട്ടാതെ കാക്കുന്നവന്‍
എങ്ങോ നിറയുംപ്രാര്‍ഥനയോടെ
ഒരിരുട്ടു മുറിയില്‍ ഒളിച്ചിരിപ്പുണ്ട് !

വെളിച്ചപ്രയാണം


















ആഹ്ളാദങ്ങള്‍
ഒന്നിച്ചൊഴുകി
എന്‍റെ കരയിലേക്ക്
വെളിച്ചപ്രയാണം
നടത്തിയതിന്നാണ്

മന്ദഹാസപൂരിതമെങ്കിലും
നിഗൂതയുടെ
അണുക്കള്‍ മരിച്ചിട്ടില്ല

എങ്കിലും പുഴേ
നീ വറ്റാതെ ഒഴുകുക
നിന്‍റെ നീര്‍ച്ചാലുകള്‍
സ്വര്‍ഗ്ഗവാതില്‍ നനക്കട്ടെ

കണ്ണില്‍ കടല്‍ നിറച്ചവന്‍
ചുണ്ടില്‍ കാഞ്ഞിരം നട്ടവന്‍
ഉടലില്‍ ഉമ്മത്ത്‌ കുടഞ്ഞവന്‍

പെരുമഴയത്തലിയാതെ
തീമഴയില്‍ ഉരുകാതെ
കൊടുംകാറ്റില്‍ ഇടറാതെ
തിരിച്ചു വരികയാണ്

ഇനി
കൊടുങ്കാറ്റു വധിച്ച
മരങ്ങളുടെ വിലാപമില്ല
അവര്‍ പുനര്‍ജനിച്ചു പൂത്തൊഴുകും
കാറ്റിനെ ഇലകള്‍ കുടിക്കും

അപ്പോള്‍
നിഗൂതയുടെ അണുക്കള്‍
ഭൂമിയുടെ എണ്ണപരപ്പിലേക്ക്
മറുയാത്രയില്ലാതെ ആണ്ടുപോകും
നമ്മള്‍ നമുക്കായി വിരിഞ്ഞ
ആകാശത്തിലേക്കും !













വണ്ട്‌ മൂളുന്ന തലകള്‍


















ഇരുട്ട് മുളച്ചുമൂത്ത
പട്ടണത്തിന്റെ
പിന്നാമ്പുറത്ത്
ആരൊക്കെയോ
ചര്‍ദ്ദിച്ചിട്ടു പോയ
കോടി ബീജങ്ങള്‍ 
ചത്തുമലച്ച യോനി
ആകാശത്തിലേക്ക്
മലര്‍ക്കെതുറന്നുവച്ചു
ദൈവത്തിലേയ്ക്കു
പരാതി പറയാന്‍
അവസാനത്തെ
വണ്ടിയും കാത്തു
കണ്ണടച്ച് കിടക്കുന്നു
തലയില്‍ വണ്ട്‌
മൂളുന്ന ഒരു പെണ്ണ്.

ഇരുള്‍ മുളച്ചുമൂത്ത
പട്ടണത്തിന്റെ
പൂമുഖത്ത്
ഒരു നോക്കുപോലും
കണ്ടിട്ടില്ലാത്തവന്‍
കല്‍പ്പിച്ച കര്‍മ്മത്തിനു
നിയോഗിക്കപ്പെട്ട്
രാത്രിയാത്രക്കാരെ
സ്വര്‍ഗ്ഗത്തിലേക്കെത്തിക്കാനുള്ള
അവസാനത്തെ
വണ്ടിയും കാത്തു
പടക്കപ്പെട്ടി
വെയ്ക്കാന്‍ ഇടം തെരഞ്ഞു
കൂട്ടം തരിഞ്ഞു നടക്കുന്നു
തലയില്‍ വണ്ട്‌ മൂളുന്ന
ഒരു ചെക്കന്‍ !

Thursday, February 2, 2012

ഗ്രീന്‍റൂ

പച്ചമുറിയില്‍ ജലച്ചായങ്ങള്‍
പഴയ മുഖപുസ്തകങ്ങള്‍
പുനര്‍ നിര്‍മ്മിക്കുകയാണ്

ഭൂമിയിലേക്ക്‌ തുറന്നു വച്ച
ജാലകത്തിലൂടെ പുതിയ
ഗ്രഹത്തില്‍നിന്നും അവനിറങ്ങും

നിന്‍റെ തൊണ്ടക്കുഴിയിലെ
ചുടുചോരകൊണ്ട് അവന്‍
ദൈവത്തിന്റെ കൈയ്യൊപ്പിടും

നീയറിയാതെ നിന്‍റെ ഇളംനീല
കണ്ണുകളില്‍ ദയാരഹിതമായി
അവന്‍ *ഇലാമയുടെ പാലൊഴിക്കും

നീകാണാതെ നിന്‍റെ വിശുദ്ധമായ
സിരകളില്‍ തിരുകേശങ്ങളലിഞ്ഞ
അവിശുദ്ധ ജലം നിറയ്ക്കും അവന്‍

പുരാതനപുസ്തകത്തിലെ ഏടുകളില്‍
കബന്ധങ്ങളുടെ കണ്ണീര്‍പ്പുഴകള്‍
ദൈവ ദൃഷ്ടാന്തമെന്നു നുണപറയും

നിന്നോട് പറയാതെ പുറത്തേക്ക്
വാതിലുകളില്ലാത്ത ഇരുട്ടിന്റെ
പാതാള മുറിയിലടക്കും അവന്‍

കരുതിയിരിക്കുക കാതോര്‍ത്തിരിക്കുക
നരമേധാന്തിമകാഹളത്തിന്റെ
മരണതാളകാലൊച്ചകള്‍കേള്‍ക്കാം!

കുമാരസംഭവം

കല്ല്യാണം മറന്ന കുമാരന്‍
എന്ന വെറും കുമാരനെ നാട്ടുകാര്‍
ഒറ്റയാന്‍കുമാരാ എന്ന് വിളിച്ചു 
അന്നംതേടി പോണ്ടിയിലെത്തിയ 
ഒറ്റയാന്‍കുമാരനെ നോക്കി തമിഴന്‍
കുമാരന്‍ നായരേ എന്ന് നീട്ടി വിളിച്ചു

പിന്നെ, കുട്ടപ്പന്‍ മന്ത്രവാദിയുടെ
ഹോമങ്ങള്‍ക്കു കൈക്കാരനായ  
കുമാരന്‍നായര്‍ മന്ത്രംകുമാരനായി
അതുംകഴിഞ്ഞു ദേശത്തെ വേലയ്ക്കു
ദാരികന്‍ കെട്ടിയാടിയപ്പോ
മന്ത്രംകുമാരന് പരിണാമംസംഭവിച്ച്‌
ദാരികന്‍ കുമാരനായി

ആരുമില്ലാതിരുന്ന സുന്ദരിയ്ക്ക്
തുണയായ ദാരികന്‍കുമാരനെ
സുന്ദരിക്കുമാരാ എന്നുവിളിക്കാന്‍ നാട്ടാര്‍ക്ക്
ഒരു പ്രത്യയശാസ്ത്രപ്രതിസന്ധികളും തടസമായില്ല
പരിണാമങ്ങള്‍ പരിണമിക്കാനുള്ളതാണല്ലോ
കോവിലകം കാര്യസ്ഥനായ സുന്ദരികുമാരന്‍
പിന്നെ തമ്പ്രാന്‍ കുമാരനായി

അതുംകഴിഞ്ഞു മഴക്കാലത്ത്
കുടനന്നാക്കാനുണ്ടോ എന്നുവന്നപ്പോ
തമ്പ്രാന്‍കുമാരനിലെ സവര്‍ണ്ണബിംബം
ഉരിഞ്ഞുമാറ്റി കുടവടി കുമാരനാക്കി
പിന്നെ കുടവടികുമാരനെ നാട്ടുകാര്‍ കണ്ടത്
സൈക്കിള്‍യജ്ഞം കുമാരനായിട്ടാണ്

അവസാനം, തെങ്ങുകയറാന്‍ വന്ന
വാസുവിന്റെ തോളിലെ ഏണിയായി
സുന്ദരി കടന്നുപോയപ്പോ
പ്രാന്ത് വന്നു ഇരിക്കാതെ ഓടിനടന്ന കുമാരന്‍
പ്രാന്തന്‍കുമാരന്‍ എന്ന അവസാനത്തെ
വിളിപ്പേര് ആദ്യമായി അബോധത്തില്‍
സ്വീകരിക്കുകയും, പെരുമഴക്കാലത്ത്
ഒലിച്ചുപോയ വീടിന്റെ തറക്കൊലായില്‍ കിടന്നു
വിശന്നു വിശന്നു കരിഞ്ഞു മരിച്ചപ്പോ
ഒറ്റയാനും നായരും മന്ത്രവും ദാരികനും
സുന്ദരിയും തമ്പ്രാനും ഒക്കെയായിരുന്ന
കുമാരന്‍ വെറും കുമാരന്‍ പോലുമാല്ലാതായി