മനീസാരംഗ്

-- മനീസാരംഗ്

Tuesday, January 31, 2012

പ്രണയോപഹാരം
----------------------
പ്രണയിനിക്ക് സമ്മാനമായി
ചെവി പറിച്ചു കൊടുത്ത
വിന്‍സെന്റ് വാന്‍ഗോഗിന്റെ
കഥപറഞ്ഞു കഴിഞ്ഞ്‌
നീയെന്റെ കണ്ണുകളിലേക്കു
നോക്കുന്നതെന്തിനാണ്..?!!!

കുളമെവിടെ മക്കളെ..?
---------------------------
ഇക്കിളിയിട്ട് ചിരിപ്പിക്കാന്‍
മാനത്തുകണ്ണിമീന്‍കുട്ടികളും
വാല്മാക്രിയും നീര്‍ക്കോലിയും
തപംചെയ്യുന്ന കൊക്കുകളും
വാനനിരീക്ഷണംനടത്താന്‍
ആമക്കുഞ്ഞുങ്ങലുമില്ലാതെ
എന്‍റെകുളംകരഞ്ഞുകരഞ്ഞു
കണ്ണീര്‍വറ്റിപ്പോയി മക്കളെ !

കല്‍ക്കണ്ടവീട്
-----------------
എനിക്കൊരു വീട്പണിയണം
മുന്നാധാരവും പിന്നാധാരവും
കുടിക്കടവും നികുതിചീട്ടും
വാസ്തുവും ഗണപതിഹോമവും
വേണ്ടാത്ത ആകാശമുറ്റത്ത്‌
എനിക്കൊരു വീട് പണിയണം
കല്‍ക്കണ്ടം പോലൊരു വീട് !

വാണിഭസംവാദം
---------------------
മോണാലിസ ചിരിക്കുകയാണോ
കരയുകയാണോ എന്നതായിരുന്നു
തര്‍ക്കം,പക്ഷെ അവര്‍ക്കിടയില്‍
വിസ്കിയുംവിയര്‍പ്പും കുതിര്‍ന്നലിഞ്ഞു
കിടന്നപെണ്‍കുട്ടി കരയുകയാണെന്നു
അവരില്‍ തര്‍ക്കമേ ഇല്ലായിരുന്നു.! 

ദൈവമില്ലാത്ത കോരപ്പന്‍
---------------------------------
തെങ്ങ് കയറുന്ന കോരപ്പന്‍
കുടിലില്‍ പിറന്നതും, ഞാന്‍
കൊട്ടാരത്തില്‍ വാഴുന്നതും
ദൈവ തീരുമാനമാണെന്ന്
പറഞ്ഞ,എന്നേ കണക്കു
പഠിപ്പിച്ചപിള്ളമാഷിനെയും
അയാളുടെ ദൈവത്തെയും
ഇഷ്ടമില്ലാത്തോണ്ടാണ്
എന്‍റെ കണക്കുകൂട്ടലുകള്‍
പിഴക്കുന്നതെന്ന് അമ്മ പറയുന്നു



വെളുത്ത പല്ലികള്‍




















മരങ്ങളെ വേദനിപ്പിക്കുന്ന കാറ്റില്‍
മദിച്ച് പെയ്യാന്‍ വെമ്പിയ മഴ നാടുവിട്ടു
കവുങ്ങിന്‍ തലപ്പുകള്‍ മുട്ടി ഉരുമ്മി
നനയാത്ത ചുംബനങ്ങള്‍ കൈമാറി
അകത്തലച്ചു കയറിയ ഈറന്‍ കാറ്റ്
വിളക്കിലെ തിരിനാളം കൊണ്ടുപോയി
പാതാളത്തിലെ ആണ്‍ചീവീടുകള്‍
ഭൂമിപ്പുറത്തെത്തി സംഘവിലാപം തുടങ്ങി
പാതിയായ കിളിവീടുപേക്ഷിച്ചു
അന്നം കിട്ടാതെ മരംകൊത്തി യാത്രയായി
അടുക്കളയിലെക്കെത്തി നോക്കിയിരുന്ന
കാക്കകള്‍ അമര്‍ഷത്തോടെ കൂടണഞ്ഞു

ചേവലിടാന്‍ ഒറ്റക്കാലില്‍ നൃത്തം ചെയ്ത
പൂവങ്കോഴി മാനത്തേക്ക് നോക്കി പ്രതിഷേധിച്ചു
പുതുമണ്ണിന്റെ മദഗന്ധം നുണയാന്‍
മേക്കാച്ചിതവളകള്‍ വീട് വിട്ടിറങ്ങി
അമ്മിക്കല്ലില്‍ ഇണ ചര്‍ന്ന്കൊണ്ടിരുന്ന
ഒറ്റക്കാലന്‍ഒച്ചുകള്‍ തല ഉള്‍വലിച്ചു അപകര്‍ഷരായി

മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ഞാഞ്ഞൂലുകള്‍
ഭൂമിയുടെ വാതിലടച്ച് ഉറക്കത്തിലാണ്ടു
കുപ്പായമുരിഞ്ഞുകൊണ്ടിരുന്ന കറുമ്പന്‍ മൂര്‍ഖന്‍
വേദനക്കിടയിലും ആകാശത്തോട് പുഞ്ചിരിച്ചു
ഋതുഭേദം അറിയിക്കാന്‍ വന്ന മഞ്ഞത്തുമ്പികള്‍
ജനിമൃതിയുടെ ലാര്‍വകൂടില്‍ തിരിച്ചു കയറി
 
കാറ്റ്  അഷ്ടദിക്കുകളും നിറഞ്ഞാടുകയാണ്
തുലാവര്‍ഷപ്പകര്ച്ചയില്‍ ഇങ്ങനെയാണത്രേ
പക്ഷെ അവള്‍ക്കു അതൊരു സംഗീതമായി
അസ്ഥികള്‍ പൂക്കുന്ന നീല താഴ്വരയിലെ
അസ്വസ്ഥമായൊഴുകുന്ന പുഴയായവള്‍
അവസാന പേമാരിക്ക് കാതോര്‍ത്ത് നില്‍ക്കെ

ഉത്തരത്തില്‍ രണ്ടു വെളുത്ത പല്ലികള്‍
പോരിനൊരുങ്ങി   മുഖാമുഖം നില്‍ക്കുന്നു
അറ്റ് വീഴത്തപ്പെട്ട് പിടയ്ക്കുന്ന ഒരു വാല്‍
ഏതു നിമിഷവും അവളുടെ കണ്ണിലലിയുമെന്ന് 
ഇമയനക്കങ്ങളില്ലാതെ ധ്യാനത്തിലെന്നപോല്‍
അവളും,വാലുകള്‍ ഇളക്കി വെളുത്തപല്ലികളും

ഇതൊരു യുദ്ധപ്രഖ്യാപനമല്ലെന്നും
സുരതാനുരാഗത്തിന്റെ ആദ്യസന്ദേശമാണെന്നു
തിരിച്ചറിയുമ്പോഴേക്കും വെളുത്ത പല്ലികള്‍
അവളുടെ നനുത്ത ചുവന്ന കൈവെള്ളയില്‍
പിടഞ്ഞുവീണ്‌ അധരസുരതം തുടങ്ങിയിരുന്നു
കൈവെള്ളയില്‍ നിന്നു പനിചൂട് ഉടല്‍നിറഞ്ഞു

പിന്നെയൊരു തേരോട്ടമായിരുന്നു
ഇപ്പോള്‍ തേരിനു മുന്നിലെ കുതിര അവളാണ്
പുറത്തു കാറ്റ് വധിച്ച മരങ്ങളുടെ അന്ത്യവിലാപങ്ങള്‍
നാടുവിട്ടുപോയ കരിമേഖങ്ങള്‍ ഉള്ഭയത്തോടെ
പതിയെ തിരികെ വന്നിട്ടുണ്ടാകണം
മഴപ്പാറ്റകളുടെ അന്ത്യ വെളിച്ചപ്രയാണങ്ങള്‍

ആണ്‍പല്ലിയുടെ ഫാസിസ്റ്റ് അധിനിവേശം
ഇരയാക്കപ്പെട്ടവളുടെ ചെറുത്തുനില്‍പ്പ്
ഇപ്പോള്‍ ഒരു കരിയിലയായി  പൊങ്ങിപ്പറന്ന്
കരിമേഘങ്ങള്‍ക്കിടയിലേക്ക് സമാധിയാകാന്‍  
അവള്‍ വെളുത്തവരുടെ പുനര്‍ജനി കുടിച്ച് 
കടല്‍ കടന്ന വെന്മേഘങ്ങള്‍ക്ക് ചുംബനം നല്‍കി

പക്ഷെ എവിടെ അവര്‍
അവസാനത്തെ അത്താഴത്തിനു വിരുന്നൊരുക്കി
എന്നേ പ്രലോഭനത്തിന്റെ മലകയറ്റിയ
വെളുത്ത പല്ലികള്‍ ..?  

വാക്കുകള്‍ ചങ്കുപൊട്ടികരഞ്ഞ ദിവസം



















പെണ്ണെഴുത്ത് കണ്ണെഴുതി
പൊട്ടു തൊടാതിരുന്ന കാലത്ത്
മഴയും മരവും പ്രണയിക്കുന്നത്‌
നോക്കിയിരുന്ന ഒരുപെണ്‍കുട്ടി
കല്‍പ്പനയില്‍നിന്നു വിവസ്ത്രയാ
യിട്ടുച്ചത്തില്‍  വിളിച്ചു പറഞ്ഞു
ഇത് എന്‍റെ കഥയാണെന്ന്

വാക്കിന്റെ ഉഗ്രദൈവങ്ങള്‍ക്ക്
നേര്‍ അക്ഷരമുരച്ചു തീനാളമെയ്തു
പെരുച്ചാഴികള്‍ പെറ്റുപെരുകിയ
കാല്‍പ്പനികതയുടെ പത്തായത്തില്‍
നീര്‍മാതളത്തിന്റെ മധുരം നിറച്ചു
ആണിന്റെ പ്രണയച്ചൂരില്‍ അവള്‍
രതിയുടെ ചുവന്ന പാവാട വിരിച്ചു

പുഴയോടും മഴയോടും കവിതയോതി
പക്ഷിയോടുംപാമ്പിനോടും പാട്ട്പാടി
മരത്തോടും മതിഭ്രമത്തോടും കലഹിച്ച്‌
മാനത്തുകണ്ണിയോടൊപ്പം മുങ്ങാംകുഴിയിട്ട്‌
കടലാഴങ്ങളിലെ ആരാരും കാണാത്ത
പവിഴാക്ഷരങ്ങള്‍വാരി പുസ്തകംനിറച്ച്‌
പെണ്ണായി നെഞ്ചും വിരിച്ചു നിന്നവള്‍

അന്ത്യത്തില്‍ ,വൃദ്ധപ്രണയത്തിന്റെ
എകാന്തത്തില്‍ ,ആഗ്രചര്‍മ്മം പോയ
കൂണിനു കീഴെയുള്ള സര്‍പ്പത്തിനോട്
തോന്നിയ ഭ്രമത്തിലാവണം  അവള്‍
കല്‍പ്പനയുടെ കറുത്തവസ്ത്രം അണിഞ്ഞു 
കഥയും കവിതയും വേണ്ടാത്തവന്‍ 
മാണിക്യം തേടിപ്പോയതറിയവെ
അക്ഷരങ്ങളെ അനാഥരാക്കി അവള്‍

അപ്പോഴും മരവും മഴയും മാനത്തുകണ്ണിയും
അവളുടെ പവിഴാക്ഷരങ്ങളെ കാത്തിരുന്നു
പക്ഷിയും പുഴയും നീര്‍മാതളത്തിന്റെ മധുരം
നുണഞ്ഞ് അവളുടെ കഥകേള്‍ക്കാന്‍ കൊതിച്ചു
ഇല്ല, ഇനിയവള്‍ പാടില്ല കഥപറയില്ല
അവളുടെ പാട്ടുംകഥയുംപ്രേമവും അവിശുധന്റെ 
ഖബറിടത്തില്‍ അനാഥരായികിടന്നു
ചങ്കുപൊട്ടികരയുകയായിരുന്നു..!

ചുകന്ന കുപ്പായങ്ങള്‍



















എന്‍റെ പരന്ന ഭൂമിക്കു ചുറ്റിലും
പുരുഷാരമുഖരിതം പൊഴിക്കുന്ന
വെണ്‍പ്രകാശവര്‍ഷണമാണ്

കാണാത്ത സൌഹൃദത്തിന്റെ
വാടാത്ത ഇലഞ്ഞിപ്പൂ മണമുള്ള
നിറഞ്ഞൊഴുകുന്ന സന്ധ്യകളാണ്

കുറിഞ്ഞിലപക്ഷിയുടെ മണംപേറി
നനുനനുത്ത തണുപ്പില്‍ വിടര്‍ന്നു
ചിരിച്ചുതൊട്ടുണര്‍ത്തുന്ന പുലരികളാണ്

കാട്ടുതേനില്‍ കന്മദം ചാലിച്ചെടുത്ത
ഉന്മാദം നുരഞ്ഞു പൂക്കുന്ന ഉച്ചകളാണ് 
കൂമ്പിയ ചെമ്പകമണമുള്ള രാവുകളാണ്

ഇവയൊക്കെ പൂത്തുപൂത്തു ചുവന്നിട്ടും
പുറംകാഴ്ച്ചയുടെ വെളുത്ത പുഴയ്ക്കപ്പുറം
ഏകാന്തത കറുത്തമൌനം കുടിച്ചുമരിച്ചു

എന്നിട്ടും,വിടാതെ കൂടെ നടക്കുന്നുണ്ട്
നിറം വെയിലെടുത്തു നരപ്പിച്ചു തന്ന
ശിശിരകാലത്തെ ചുകന്നകുപ്പായങ്ങള്‍

ഓര്‍മ്മകളുടെ അടിയില്‍ പെട്ടുപോയ
ചിലത് ഇപ്പോഴും ഓര്‍മ്മയുണ്ടോയെന്നു
നിറം പോകാതെ വെളുക്കെ ചിരിക്കുന്നുണ്ട്

ജലത്തില്‍ മാരിവില്‍ വരക്കാന്‍ മാത്രം
വന്ന വില കുറഞ്ഞ കുപ്പായങ്ങള്‍ക്ക്
വില്‍പ്പനക്കാരന്റെ മഞ്ഞച്ച ചിരി

എല്ലാ ചുകന്ന കുപ്പായങ്ങളും ഊരി
എറിഞ്ഞിട്ടും വിടാതെ കൂടെ നടക്കുന്നുണ്ട്
നിറം പോകാത്ത ഒരു കൈതപ്പൂ മണം

Thursday, January 12, 2012

പട്ടണത്തെയ്യം

 
 
 
 
 
ഒട്ടുഭാര്യ
--------------
പുറത്തെ, ഒരിക്കലും
പെറാത്ത ഒട്ടുമാവ്
ഞാന്‍ വെട്ടിക്കളഞ്ഞു
അകത്തെ, ഒരിക്കലും
പൂക്കാത്ത ഭാര്യയേയും

തീക്കുളിക്കല്ല്യാണം
-------------------------
അങ്ങേലെ മീനാക്ഷി
തീക്കുളിച്ച അന്നാണ്
ഇങ്ങേലെ മാധവന്‍
കല്ല്യാണം കഴിച്ചത്

ആകാശക്കിണര്‍
-----------------------
കുമാരന്‍ കുടിച്ച്‌ കുടിച്ച്‌ കുടിച്ച്‌
കരളലിഞ്ഞു മേലോട്ട്പോയി
ഗിരിജേം കുട്ട്യോളും
വിശന്നു വിശന്നു വിശന്നു
വയറെരിഞ്ഞു താഴോട്ടും

ജാരന്റെ ചിരി
--------------------
സങ്കടത്തിന്റെ വിമാനത്തില്‍
അയാള്‍ കടല്‍ കടന്നു പോയി
''മോള് കരയണ്ട രണ്ടു വര്ഷം
പെട്ടെന്നങ്ങ് പോവില്ലേ ''
പാതിരക്ക് വന്ന പാമ്പിനോട്
ഇതും പറഞ്ഞു പറഞ്ഞവള്‍
ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌.....

പകലുറങ്ങിപ്പക്ഷികള്‍












സ്വപ്നസഞ്ചാരങ്ങളില്‍ അവള്‍
തുലാവര്‍ഷമായ് പെയ്തിറങ്ങും
ഉണര്‍ച്ചയുടെ പുലര്‍ച്ചകളില്‍
പച്ചപ്പില്ലാത്ത മണല്‍ക്കാട്ടില്‍
ഉഷ്ണിക്കും, ഋതു ഭേദങ്ങള്‍ക്ക് കൂടെ
നിറങ്ങള്‍ മാറി മാറി എടുത്തണിയും

ഫോക്കസ് ചെയ്യപ്പെടാത്ത
ദൃശ്യങ്ങളാണ് അവളുടെ കണ്ണുകളില്‍
കാമാനന്തരം ഇണയെ തിന്ന
ചിലന്തിയെ നോക്കി അവള്‍ കരയും
നീര്‍ച്ചാലുകള്‍ വറ്റാത്ത പുഴകളാകും

വസന്തകാലത്തെ ചാറ്റ് ഹിസ്ടറികള്‍
വറുത്തെടുത്തു ഓര്‍മ്മചിപ്പുകളില്‍ സൂക്ഷിക്കും
ഇടയ്ക്കിടെ തണുത്തു പോയോ എന്ന്
നിറ കണ്‍ ചിരിയോടെ തൊട്ടു നോക്കും

പിന്നെയും
അവളുടെ പകല്‍ സ്വപ്നങ്ങളില്‍
ഇലമുളച്ചികള്‍ പുരനിറഞ്ഞു പൂക്കും
ഏകാന്തതയുടെ പുല്‍മൈതാനങ്ങളില്‍
താഴ്ന്നു പറക്കുന്ന പ്രാപ്പിടിയനുകള്‍ക്ക്
കരയാതെ ഇരയായി നിന്നുകൊടുക്കും

അവള്‍ക്കു മാത്രമായി
ഒരു ചതുരംഗ പലകയുണ്ടെന്നും
വെളുത്തവര്‍ക്ക് മീതെ കറുത്തവര്‍ 
ക്രോധത്തോടെ പറന്നിറങ്ങുന്നതും
വെറും വെറുതെ സ്വപ്നം കാണും

തന്റെ ചിന്തകളുടെ കന്ട്രോള്‍പാനലിനെ 
ഇടയ്ക്കിടെ വൈറസ്‌ കടിക്കാറൂണ്ടെന്നു
അവള്‍ കണ്‍കോണുകള്‍ കൊണ്ട്  ചിരിക്കും
ജനിതകമാറ്റം സംഭവിക്കാത്ത പ്രണയം,കാമം
തുടങ്ങിയ ലളിതമായ ജോലികളില്‍
പ്രത്യയശാസ്ത്രപരമായ യുക്തികള്‍ കണ്ടെത്തും

ഇടവപ്പാതിയിലെ ഇരുള്‍മേഘങ്ങള്‍ മിന്നുമ്പോള്‍
അവളുടെ നിമ്നോന്നതങ്ങളില്‍
മാനത്തുകണ്ണികള്‍ പ്രാണസഞ്ചാരം നടത്തും
അവളുടെ മൌസിലെ വിരലടയലങ്ങള്‍ക്ക്
ഒരേ വിയര്‍പ്പിന്റെ ഉപ്പല്ലെന്നു തിരിച്ചറിയും

ഉറക്കമൊഴിഞ്ഞ പാതിരകളില്‍
വിഷമില്ലാത്ത കരിഞ്ചേരകള്‍ വിരുന്നുവരും
പ്രണയകാലത്തെ ഉടുപ്പുകള്‍ അഴിച്ചുവെച്ചു
മുന്‍പേ നടന്നു പോയവരെ
പിന്‍വിളി വിളിക്കാതെ യാത്രയാക്കും

പിന്നെയും
തൂത്തുമാറ്റപ്പെട്ട മോഹമന്ദാരങ്ങളില്‍
പരാഗരേണുക്കള്‍ നിറയും
ഗുളിഗന്‍ തിറയുടെ മാറില്‍ ശയിച്ചു
വെളുത്ത ദൈവങ്ങളോട് പകവീട്ടും
താഴിട്ടുപൂട്ടിയ എന്നെ തുറക്കാന്‍
നിങ്ങളുടെ ബൌധികച്ചാവിയ്ക്ക് കഴിയില്ല

ഞാനാവണം എനിക്കെന്നു
സൗഹൃദരാവുകളില്‍ കവിതയായ് ചൊല്ലും
അനന്തരം ഇതൊന്നുമല്ല ഞാനെന്നു
പുറം തിരിഞ്ഞിരുന്നു
പകലുറങ്ങി പക്ഷികളോട് പറയും

പിന്നെയും അടുപ്പില്‍ വേവാത്ത
അക്ഷരങ്ങള്‍ പെറുക്കി കൂട്ടി
അടുത്ത വസന്തത്തിനായി കാത്തിരിക്കും

Wednesday, January 11, 2012

കല്ലു വച്ച നുണകള്‍



















എന്റെ മോഹമന്ദാരങ്ങളില്‍
പ്രണയം നിറഞ്ഞു പൂക്കുന്നതും
കണ്ണുകളിലെ നരച്ച ആകാശം
നിറവസന്തമായ്‌ ചിരിക്കുന്നതും
ഉടലില്‍ തുലാവര്‍ഷപകര്‍ച്ചയില്‍
സര്‍പ്പഗന്ധിപ്പൂവുകള്‍ വിടരുന്നതും
നിനക്ക് വേണ്ടിയാണെന്നു ഞാന്‍
പറഞ്ഞത് കല്ലുവച്ച നുണയാണ്

തുളസി എണ്ണയും വിയര്‍പ്പും നനച്ച
എന്‍റെ ഇരുണ്ട നാട്ടുവഴിയിലൂടെ
പ്രണയ സഞ്ചാരം നടത്തുമ്പോള്‍
ഗുല്‍മോഹര്‍ നിറമാണ് നിന്‍റെ
ചുണ്ടുകള്‍ക്കെന്നും,തളിര്‍കൈതപ്പൂ
മണക്കുന്ന നിന്‍റെ ഇടവഴികള്‍
അടിമുടി അതിമധുരിക്കുന്നുവെന്നും
ഞാന്‍ ഉമ്മ വച്ചിടത്തെല്ലാം
ഇലമുളച്ചികള്‍ പൂക്കുമെന്നു
നീ പറഞ്ഞതും കല്ലുവച്ച നുണയാണ്

നിലാവിനും മഞ്ഞിനും പ്രണയത്തിനും
ഇളം വയലറ്റ് നിറമുണ്ടായിരുന്ന
ധനുമാസ പുലര്‍കാലങ്ങളില്‍
അതിര് ഭേദിച്ചു പൊയ്കയില്‍
നീന്തിത്തുടിക്കുമ്പോഴും
ഞാനും നീയും അവ്യക്തമായി
പറഞ്ഞു കൊണ്ടെയിരുന്നത്‌
കല്ലോ കന്‍മദമോ കല്‍ഹാരമോ
വെച്ച നുണകള്‍ തന്നെയായിരുന്നു

സുഹൃത്തെ
നിന്‍റെ പൊയ്ക്കണ്ണില്‍ നോക്കാതെ
നിന്‍റെ അകക്കണ്ണില്‍ നോക്കാതെ
നിന്‍റെ ശാപവചനങ്ങള്‍ കാക്കാതെ
ഞാന്‍ പറയുന്നതെന്തെന്നാല്‍
പ്രണയം കല്‍പ്പാന്ത കാലത്തെ
കരിംകല്ലു വെച്ച നുണകളാകുന്നു

പുരുഷമേധം



















ഇരുളില്‍ അവള്‍ക്കുമേല്‍
അയാളുടെ ആയിരത്തൊന്നാമത്തെ
തനിയാവര്‍ത്തനം ആടുമ്പോഴാണ് 
ഫ്രീസറില്‍ വയ്ക്കാന്‍ മറന്നുപോയ
കറിയെക്കുറിച്ചു അവള്‍ക്കോര്‍മ്മ വന്നത്    

തുടകളിലെക്കൊഴുകി വറ്റി
തണുത്തുപോയ സുരതമിശ്രിതം
തുടച്ചു കളഞ്ഞു എഴുന്നേല്‍ക്കുമ്പോള്‍
ഫാനിന്റെ താളമുള്ള മുരള്ച്ചക്കൊപ്പം
തളര്‍ന്ന അയാളും കൂട്ട് ചേര്‍ന്നിരുന്നു

രാത്രി കിടക്കാന്‍ നേരത്ത്
അടക്കാന്‍ മറന്നുപോയ ടിവിയില്‍
ഇളംപെണ്ണിനുമുന്നില്‍ ഡൈ പുരട്ടിയ
മീശ പിരിക്കുന്ന മോഹന്‍ലാല്‍
ഇവനും പതിനാറായിരത്തെട്ടു
ഭാര്യമാരുണ്ടായിരിക്കുമോ

ഇലയനക്കങ്ങളില്ലാത്ത രാവില്‍
പുറത്തെ പൂക്കാത്ത പേരമരക്കൂട്ടിലെ
അടയ്ക്കാകിളിയും ഉറങ്ങിയിട്ടില്ലേ
അകത്തെ പുകചൂടുകൊണ്ടാവണം
ഉള്ളിലെ കിളിയും ഉറങ്ങാത്തത്

ജനലിനപ്പുറത്തെ നഗരം നാറുന്ന
തെരുവില്‍ നിലവിളിച്ചോടുന്നത്
അവളുടെ ഉറങ്ങാത്ത യവ്വനമാണ്
മഴമരങ്ങളുടെ പ്രണയബിംബങ്ങള്‍
വേനല്‍ച്ചൂടില്‍ കരഞ്ഞു മരിച്ചുപോയി

പുരുഷകാമനകള്‍ പുരനിറഞ്ഞാടുന്ന
പുരാതന പുസ്തകത്തിലെ ഏട്ടില്‍നിന്നു   
പ്രവാചകാ എന്നാണിനി നിന്നിലേക്ക്‌
സമാധിയായി സുഖമായൊന്നുറങ്ങാന്‍
സുഷുപ്തിയിലൊന്നു കരയാന്‍ കഴിയുക  !

മദമിളകിയവരുടെ പുസ്തകങ്ങള്‍












ന്തിനാണ് നിന്‍റെ ഗ്രന്ഥപ്പുര 
എനിക്ക് നീ തുറന്നു തന്നത് 
ഇതിന്നകം നിറയെ 
അശാന്തിയുടെ പുകപ്പാടങ്ങള്‍
പകയുടെ ഗീഥാവചനങ്ങള്‍

ഇന്നലെ പിറന്ന കുഞ്ഞിന്റെ 
ദൈന്യം നിറഞ്ഞ ചിരി
മുലപ്പാല്‍ മണക്കുന്ന കിലുക്കാംപെട്ടി 
മകനെ കാത്തിരിക്കുന്ന അമ്മയുടെ 
വാത്സല്യത്തിന്റെ നിറകണ്ണ്
ഭ്രൂണം കരയുന്ന ഗര്‍ഭ അറകള്‍ക്കു 
കഴുതപ്പുലികള്‍ കാവല്‍

സുഹൃത്തെ
[ഭാ..അവനെ അങ്ങനെ വിളിക്കരുത്.]
എനിക്ക് നിന്‍റെ ഗ്രന്ഥം വേണ്ടാ...
അതില്‍ നിര്‍മമായ കണ്ണുകളില്ല
കാതരമായ വിളിയൊച്ചകളില്ല
സ്നേഹം  നിറഞ്ഞൊഴുകുന്ന പുഴകളില്ല

പ്രണയത്തിന്റെ നോവില്ല
കാമത്തിന്റെ തിരയടങ്ങാത്ത കടലില്ല
പൊക്കിള്‍ക്കൊടി  ബന്ധമില്ലാത്ത
സവ്ഹൃതത്തിന്റെ ആരവങ്ങളില്ല
ആസുരതയുടെ വെടിയൊച്ചകളില്‍
ചെളിയില്‍ താഴ്ത്തപ്പെട്ട ദൈവം
ഇപ്പോള്‍ നിന്‍റെ കാല്‍ക്കീഴിലാണ് 

നിന്‍റെ ഗ്രന്ഥപ്പുരയുടെ പുറത്തേക്കുള്ള
വാതില്‍ ഇപ്പോള്‍ നീ പുറത്തു നിന്ന്
അടച്ചതെന്തിനാണ്...?

മ്മേ....
അമ്മ നോക്കി നോക്കി
ഉത്തരത്തിലെ കഴുക്കോലുകള്‍
ചിരിച്ചു തുടങ്ങിയോ അമ്മെ
അമ്മ കിടന്നു കിടന്നു
കിടക്കയിപ്പോള്‍ വേദനിച്ചു
കരയാറണ്ടോ അമ്മെ
 
അമ്മേ
അമ്മ വരാതെവരാതെ അടുക്കളയില്‍
ഇപ്പോള്‍ പൂച്ചകളും വരാറില്ലമ്മേ
അമ്മയെ പേടിച്ചു ഒളിച്ചു കളിച്ചിരുന്ന
ചുണ്ടെലികുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍
ആ പഴയ ആവേശത്തിമിര്‍പ്പില്ലമ്മേ 
 
അമ്മെ  
അമ്മ തൊടാതെ തൊടാതെ
പാത്രങ്ങളിപ്പോള്‍ കറുത്ത്‌ പോയമ്മേ

അമ്മയുടെ പിടിയരിചെപ്പില്‍
അരിപേനുകള്‍ ആവോളമായമ്മേ
അമ്മയുടെ അമ്മിക്കല്ലില്‍
ഒറ്റക്കാലന്‍ ഒച്ചുകള്‍ കൂട്കൂട്ടി അമ്മെ
അമ്മേ 
അമ്മ നടക്കാത്ത വടക്കേപുറത്തെമണ്ണിനു
ഇപ്പോള്‍ അമ്മയുടെ മണമില്ലമ്മേ
അമ്മ വിളികേള്‍ക്കാതെ കിഴക്കേതിലെ
കോഴികള്‍ വിരുന്നു വരാറില്ലമ്മേ
അമ്മ നട്ടു നനച്ച വരിക്കപ്ലാവില്‍
ചക്കകള്‍ ചിരിച്ചു പൂക്കാറില്ലമ്മേ
 
അമ്മേ 
അമ്മയുടെ ഇരുമ്പന്‍പുളി കായ്കള്‍ക്ക്
ഇപ്പോള്‍ സങ്കടത്തിന്റെ ചവര്‍പ്പാണമ്മേ 
അമ്മ നട്ട കൂവളചെടി കരഞ്ഞു കരഞ്ഞു
കരിഞ്ഞു പോയമ്മേ
അമ്മ നടാത്ത നാരക ചെടി
പൂത്തു പൂത്തു പുരപ്പുറം കയറി അമ്മെ

അമ്മേ
അമ്മയുടെ കൂട്ടുകാരി ചാടിചാടി നടക്കുന്ന
ജാനകിചോത്തി ഇന്നലെ രാത്രി
ഉറക്കത്തില്‍ മരിച്ചു പോയമ്മേ
അമ്മയെ കാണാതെ അമ്മയുടെ ഭഗവതി
പടിഞ്ഞാട്ടും നോക്കി ഇരിപ്പാണമ്മേ 
 
അമ്മെ 
അമ്മ സ്നേഹിച്ച അമ്മയെ സ്നേഹിക്കാത്ത
അമ്മയുടെ ദൈവത്തെ ഞാന്‍ പുലയാട്ടു പറഞ്ഞമ്മേ
അച്ഛന്റെ നെഞ്ചിലെ വെളുത്ത മന്ദാരം
കരിഞ്ഞു കരിഞ്ഞു ചുവന്നു പോയമ്മേ

 
അമ്മെ 
അമ്മ പറഞ്ഞില്ലേ കുറെ ദൈവങ്ങളെ
അവരുടെ അടുത്തുപോയി കാണണമെന്ന്
അമ്മ പറഞ്ഞില്ലേ രണ്ടുവരി മണിമാല
ഇട്ടിട്ടു ഫോട്ടോ എടുക്കണമെന്ന് 
അമ്മ പറഞ്ഞില്ലേ മോയ്തുക്കാടെ പോലത്തെ  

ഭംഗിയുള്ള ഒരു വീട് പണിയണമെന്ന്
 

അമ്മെ 
വെളുപ്പ് പുതച്ചു മിണ്ടാതെ കിടക്കുന്ന അമ്മ
എന്നേ നോക്കി ചിരിക്കാത്തതെന്താണമ്മേ
കണ്ണടച്ച് മലര്‍ന്നു കിടക്കുന്ന അമ്മ
എന്നോടൊരുവാക്ക് മിണ്ടാത്തതെന്താണമ്മേ