മരങ്ങളെ വേദനിപ്പിക്കുന്ന കാറ്റില്‍
മദിച്ച് പെയ്യാന്‍ വെമ്പിയ മഴ നാടുവിട്ടു
കവുങ്ങിന്‍ തലപ്പുകള്‍ മുട്ടി ഉരുമ്മി
നനയാത്ത ചുംബനങ്ങള്‍ കൈമാറി
അകത്തലച്ചു കയറിയ ഈറന്‍ കാറ്റ്
വിളക്കിലെ തിരിനാളം കൊണ്ടുപോയി
പാതാളത്തിലെ ആണ്‍ചീവീടുകള്‍
ഭൂമിപ്പുറത്തെത്തി സംഘവിലാപം തുടങ്ങി
പാതിയായ കിളിവീടുപേക്ഷിച്ചു
അന്നം കിട്ടാതെ മരംകൊത്തി യാത്രയായി
അടുക്കളയിലെക്കെത്തി നോക്കിയിരുന്ന
കാക്കകള്‍ അമര്‍ഷത്തോടെ കൂടണഞ്ഞു
ചേവലിടാന്‍ ഒറ്റക്കാലില്‍ നൃത്തം ചെയ്ത
പൂവങ്കോഴി മാനത്തേക്ക് നോക്കി പ്രതിഷേധിച്ചു
പുതുമണ്ണിന്റെ മദഗന്ധം നുണയാന്‍
മേക്കാച്ചിതവളകള്‍ വീട് വിട്ടിറങ്ങി
അമ്മിക്കല്ലില്‍ ഇണ ചര്‍ന്ന്കൊണ്ടിരുന്ന
ഒറ്റക്കാലന്‍ഒച്ചുകള്‍ തല ഉള്‍വലിച്ചു അപകര്‍ഷരായി
മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ഞാഞ്ഞൂലുകള്‍
ഭൂമിയുടെ വാതിലടച്ച് ഉറക്കത്തിലാണ്ടു
കുപ്പായമുരിഞ്ഞുകൊണ്ടിരുന്ന കറുമ്പന്‍ മൂര്‍ഖന്‍
വേദനക്കിടയിലും ആകാശത്തോട് പുഞ്ചിരിച്ചു
ഋതുഭേദം അറിയിക്കാന്‍ വന്ന മഞ്ഞത്തുമ്പികള്‍
ജനിമൃതിയുടെ ലാര്‍വകൂടില്‍ തിരിച്ചു കയറി
കാറ്റ് അഷ്ടദിക്കുകളും നിറഞ്ഞാടുകയാണ്
തുലാവര്‍ഷപ്പകര്ച്ചയില്‍ ഇങ്ങനെയാണത്രേ
പക്ഷെ അവള്‍ക്കു അതൊരു സംഗീതമായി
അസ്ഥികള്‍ പൂക്കുന്ന നീല താഴ്വരയിലെ
അസ്വസ്ഥമായൊഴുകുന്ന പുഴയായവള്‍
അവസാന പേമാരിക്ക് കാതോര്‍ത്ത് നില്‍ക്കെ
ഉത്തരത്തില്‍ രണ്ടു വെളുത്ത പല്ലികള്‍
പോരിനൊരുങ്ങി മുഖാമുഖം നില്‍ക്കുന്നു
അറ്റ് വീഴത്തപ്പെട്ട് പിടയ്ക്കുന്ന ഒരു വാല്‍
ഏതു നിമിഷവും അവളുടെ കണ്ണിലലിയുമെന്ന്
ഇമയനക്കങ്ങളില്ലാതെ ധ്യാനത്തിലെന്നപോല്‍
അവളും,വാലുകള്‍ ഇളക്കി വെളുത്തപല്ലികളും
ഇതൊരു യുദ്ധപ്രഖ്യാപനമല്ലെന്നും
സുരതാനുരാഗത്തിന്റെ ആദ്യസന്ദേശമാണെന്നു
തിരിച്ചറിയുമ്പോഴേക്കും വെളുത്ത പല്ലികള്‍
അവളുടെ നനുത്ത ചുവന്ന കൈവെള്ളയില്‍
പിടഞ്ഞുവീണ് അധരസുരതം തുടങ്ങിയിരുന്നു
കൈവെള്ളയില്‍ നിന്നു പനിചൂട് ഉടല്‍നിറഞ്ഞു
പിന്നെയൊരു തേരോട്ടമായിരുന്നു
ഇപ്പോള്‍ തേരിനു മുന്നിലെ കുതിര അവളാണ്
പുറത്തു കാറ്റ് വധിച്ച മരങ്ങളുടെ അന്ത്യവിലാപങ്ങള്‍
നാടുവിട്ടുപോയ കരിമേഖങ്ങള്‍ ഉള്ഭയത്തോടെ
പതിയെ തിരികെ വന്നിട്ടുണ്ടാകണം
മഴപ്പാറ്റകളുടെ അന്ത്യ വെളിച്ചപ്രയാണങ്ങള്‍
ആണ്‍പല്ലിയുടെ ഫാസിസ്റ്റ് അധിനിവേശം
ഇരയാക്കപ്പെട്ടവളുടെ ചെറുത്തുനില്‍പ്പ്
ഇപ്പോള്‍ ഒരു കരിയിലയായി പൊങ്ങിപ്പറന്ന്
കരിമേഘങ്ങള്‍ക്കിടയിലേക്ക് സമാധിയാകാന്‍
അവള്‍ വെളുത്തവരുടെ പുനര്‍ജനി കുടിച്ച്
കടല്‍ കടന്ന വെന്മേഘങ്ങള്‍ക്ക് ചുംബനം നല്‍കി
പക്ഷെ എവിടെ അവര്‍
അവസാനത്തെ അത്താഴത്തിനു വിരുന്നൊരുക്കി
എന്നേ പ്രലോഭനത്തിന്റെ മലകയറ്റിയ
വെളുത്ത പല്ലികള്‍ ..?